ഞങ്ങൾ ഒരു യാത്രയിലാണ് ഞാനും സാബു അച്ഛനും കൂടി ഒരു ഇടവകയിലെ മൂന്നുദിവസത്തെ ധ്യാനത്തിന് പോവുകയാണ്. നോമ്പുകാലം ആയതിനാൽ അച്ഛനെ ധ്യാനിപിക്കു ന്നതിൻറെ തിരക്കുകളാണ്.
ഒത്തിരി ദൂരം ഉള്ളതിനാൽ കുറെ കാര്യങ്ങൾ പോകുന്ന വഴിയിൽ ഞങ്ങൾ ചർച്ച ചെയ്തു.
ഒരു സ്ഥലമെത്തി യപ്പോൾ ഞങ്ങളുടെ ചർച്ച ആ സ്ഥലത്തെക്കുറിച്ച് ആയി. കാരണം അവിടെ ശക്തമായി ദൈവവചനം പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി ഇപ്പോൾ സഭയിൽ നിന്നും മാറി പുതിയ പഠനങ്ങളും മറ്റും ആയി ഒരു സെക്റ്റ് ആയി മുന്നോട്ടു പോകുന്നു.
അദ്ദേഹത്തിൻറെ ആശയങ്ങളോട് യോജിക്കുന്ന കുറെ വിശ്വാസികളും അങ്ങോട്ടുപോയി. ഈ അടുത്ത് കേൾക്കുന്നത് കുറച്ചു വൈദികരും സന്യസ്തരും അവരോടൊപ്പം കൂടിയിരിക്കുന്നു എന്നാണ്, പിന്നെ അത്ഭുതങ്ങളും രോഗശാന്തിയും എല്ലാം അവിടെ സംഭവിക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത് ആളുകൾ കൂട്ടം കൂട്ടമായി അങ്ങോട്ട് പോകുന്നു. ഈയടുത്തിടെ അവരുടെ ഭാഗത്തുനിന്നും സഭയ്ക്കെതിരെ ശക്തമായ വിമർശനങ്ങളും മറ്റും ഉയർന്നുവന്നിരുന്നു.
എന്നെല്ലാം ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു അതിനിടയിൽ എന്റെ ആശങ്കയും ഞാൻ അച്ഛനുമായി പങ്കുവെച്ചു.
എന്താണ് ഇത്തരം സെക്റ്റുകൾ രൂപപ്പെടുന്നതിന് പ്രധാനകാരണം? ഇത്തരം വിമർശനങ്ങൾ സാധാരണ വിശ്വാസികളിൽ വളരെയധികം സ്വാധീനം ഉണ്ടാക്കുന്നു. യഥാർത്ഥ വിശ്വാസത്തിൽ നിൽക്കുന്നവരിൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ എല്ലാം സംഭവിക്കുന്നത്?
എന്റെ ചോദ്യത്തിന് അപ്പോൾ അച്ഛൻ പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല.
ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഒരു സ്ഥലത്ത് വണ്ടി നിർത്തി. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ എന്നോട് ചോദിച്ചു.കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം നിനക്ക് അറിയില്ലേ?
അത് എന്ത് ചോദ്യമാണ് അച്ഛാ...ജാതി മത ഭേദമന്യേ പ്രത്യേകിച്ച് ഈ കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന ബൈബിളിലെ ഒരു അത്ഭുതമാണ് അത് എന്ന് ഞാൻ അച്ഛനോട് പറഞ്ഞു.
അച്ഛൻ ചെറുതായൊന്നു ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു എന്നാൽ അവിടെ എത്ര കൽഭരണികൾ ഉണ്ടായിരുന്നു?
ആറെണ്ണം എന്ന് ഞാൻ മറുപടി പറഞ്ഞു.
എന്നാൽ ഏഴാമത് ഒരെണ്ണം കൂടി അവിടെ ഉണ്ട് എന്നാണ് അച്ഛൻ പറയുന്നത്.
അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും സംശയമായി. വേഗം ഭക്ഷണം കഴിച്ച് ഞാൻ തിരിച്ച് കാറിൽ ചെന്ന് കയറി.
ബൈബിൾ എടുത്തു വായിച്ചു നോക്കി. വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം കാനായിലെ കല്യാണ വിരുന്ന് എന്ന ഭാഗം മുഴുവൻ വായിച്ചിട്ടും ഏഴാമത്തെ ഒരു കൽഭരണിയെ കുറിച്ച് ഒരു സൂചനയും എനിക്ക് കിട്ടിയില്ല.വീണ്ടും ഞാൻ ആശയ ക്കുഴപ്പത്തിലായി ഇനി വേറെ ഏതെങ്കിലും സുവിശേഷത്തിൽ ഈ ഒരുഭാഗം ഉണ്ടാവുമോ എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ വന്നു കാറിൽ കയറി.
എന്തെങ്കിലും പിടി കിട്ടിയോ എന്ന മട്ടിൽ പുരി കങ്ങൾ ഉയർത്തി അച്ഛൻ എന്നെ നോക്കി. അച്ഛനെ നോക്കാതെ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
അചച്ച്ൻ പറഞ്ഞു തടങ്ങി, ദൈവവചന ത്തിലെ രഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടുവാൻ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി പ്രാർത്ഥിക്കാം. ചെറിയൊരു പ്രാർത്ഥന കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര തുടർന്നു.
അച്ഛൻ പറഞ്ഞു തുടങ്ങി, വിശ്വാസം എന്നത് തികച്ചും ദൈവീക ദാനമാണ് അതിനാൽ ആർക്ക് വെളിപ്പെടുത്തി കൊടുക്കുവാൻ ദൈവം ആഗ്രഹിക്കുന്നുവോ അവരിലേക്ക് അവരുടെ ഹൃദയങ്ങളി ലേക്ക് വക്കോളാം നിറച്ചു കൊടുക്കുന്നു.
അതൊരു അത്ഭുതമാണ്. ഈ വചന ഭാഗത്തിൽ അവസാനം നീ വായിക്കുന്നിലേ? "അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു".
അപ്പോൾ അതിൻറെ അർത്ഥം അവരുടെ ഹൃദയത്തിൽ വിശ്വാസം വക്കോളം യേശു നിറച്ചു കൊടുത്തു.
അതൊരു ആത്മീയ അത്ഭുതമാണ് അത് കാണാൻ സാധിക്കുമ്പോഴാണ്, നമുക്ക് ഉള്ളിലിരിക്കുന്ന ഹൃദയമെന്ന ഏഴാമത്തെ കൽ ഭരണിയെ നാം തിരിച്ചറിയുന്നത്.
ഇനി നമ്മുടെ വിഷയത്തി ലേക്ക് വന്നാൽ, ഹൃദയത്തിൽ വിശ്വാസത്തിൻറെ വേരുകൾ ശക്തിപ്പെട്ടു എങ്കിൽ മാത്രമാണ് ഓരോ ആശയങ്ങളും അത്ഭുതങ്ങളും ദൈവീകമാണോ എന്ന് തിരിച്ചറിയാൻ ഉള്ള ജ്ഞാനം നമുക്ക് ലഭിക്കുന്നത്.
ഹൃദയത്തിൽ വിശ്വാസം വക്കോളം നിറയാത്ത സാഹചര്യത്തിൽ പഠനങ്ങളിൽ തെറ്റുപറ്റാൻ ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്. നമ്മുടെ പൊതു ശത്രു ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്.
വിശ്വാസികളിൽ ഇടർച്ച ഉണ്ടാക്കുവാൻ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചു നടക്കുന്ന അവനെ ഇത്തരക്കാർ ഇരയായി തീരുന്നു.സഭയിലെ ചിലരുടെ വീഴ്ചകൾ, ഒറ്റപ്പെട്ട സംഭവങ്ങൾ, എല്ലാം തന്നെ എത്ര സന്തോഷത്തോടെയാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏറ്റെടുക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ തന്നെ നിനക്ക് ഇവയെല്ലാം മനസ്സിലാകും.
ഓരോ അൽഭുതം സംഭവിക്കുമ്പോഴും അതിന്റെ പിന്നിലുള്ള ഉള്ള ദൈവിക പദ്ധതികൾ എന്താണെന്നു മനസ്സിലാക്കാതെ, അടുത്ത അത്ഭുതം എവിടെ സംഭവിക്കുന്നു എന്ന് അന്വേഷിച്ചു പോകുന്ന ഇത്തരം ആളുകൾ വെള്ളം വീഞ്ഞായി മാറി അത്ഭുതം കാണുകയും എന്നാൽ അതിനു ശേഷമുള്ള മഹാൽഭുതം അതായത് രക്തം വീഞ്ഞായി മാറുന്ന ആ അത്ഭുതം കാണുവാൻ സാധിക്കാതെ പോകുന്നവരാണ്.
എന്നാൽ വിമർശിക്കുന്നവർ ആകട്ടെ, എന്നെ തിരുത്തുന്ന വൈദികരും മറ്റും ആദ്യം അവർ തന്നെ തന്നെ തിരുത്തട്ടെ, എന്നിട്ടാവാം ഞാൻ തിരുത്ത പ്പെടുന്നത് എന്ന മനോഭാവം വെച്ചു പുലർത്തു ന്നവരാണ്.
ക്രിസ്തുവിൻറെ സ്നേഹം അവരിലേക്ക് എത്തിപ്പെടുന്നത് വരെ അവർ വിമർശിച്ചു കൊണ്ടിരിക്കും. അതുവരെ അവർ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു മാറ്റുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ഒരിടത്തു ബേക്കറികാരന് ഒരു പൗണ്ട് വെണ്ണ വിറ്റ ഒരു കർഷകൻ ഉണ്ടായിരുന്നു. ഒരു ദിവസം ബേക്കർ തനിക്ക് ശരിയായ തുക ലഭിക്കുന്നുണ്ടോ എന്നറിയാൻ വെണ്ണ തൂക്കിനോക്കാൻ തീരുമാനിച്ചു, തൂക്കം തെറ്റായിരുന്നു ഇതിൽ രോഷാകുലനായ അദ്ദേഹം കർഷകനെ കോടതിയിലെത്തിച്ചു.
വെണ്ണയുടെ തൂക്കത്തിന് എന്തെങ്കിലും അളവ് ഉപയോഗിക്കുന്നുണ്ടോ എന്ന് ജഡ്ജി കർഷകനോട് ചോദിച്ചു. കർഷകൻ മറുപടി പറഞ്ഞു, “ബഹുമാനേ, ഞാൻ പ്രാകൃതനാണ്. എനിക്ക് ശരിയായ അളവില്ല, പക്ഷേ എനിക്ക് ഒരു സ്കെയിലുണ്ട്.
ജഡ്ജി ചോദിച്ചു, "പിന്നെ നിങ്ങൾ എങ്ങനെയാണ് വെണ്ണ തൂക്കുന്നത്?"
കർഷകൻ മറുപടി പറഞ്ഞു;
“യുവർ ഓണർ, ബേക്കർ എന്നിൽ നിന്ന് വെണ്ണ വാങ്ങാൻ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, ഞാൻ അവനിൽ നിന്ന് ഒരു പൗണ്ട് റൊട്ടി വാങ്ങുന്നു.
എല്ലാ ദിവസവും ബേക്കറിക്കാരൻ റൊട്ടി കൊണ്ടുവരുമ്പോൾ, ഞാൻ അത് സ്കെയിലിൽ വയ്ക്കുകയും വെണ്ണയിൽ അതേ തൂക്കം നൽകുകയും ചെയ്യും. തൂക്കത്തിൽ എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ അങ്ങ് ഈ ബേകരോട് ചേദിച്ചാലും.
വിചിന്തനം.
1. ദൈവീക പദ്ധതികൾ എന്നിൽ വെളിപ്പെടാത്തത് എന്നിലെ വിശ്വാസത്തിന് കുറവു കൊണ്ടാണോ?
2. വിശ്വാസത്തിൽ കൂടുതൽ ആഴ പെടാനുള്ള എൻറെ പുതിയ പരിശ്രമങ്ങൾ എന്തെല്ലാം.