ഒരിക്കൽ ഒരു ശിഷ്യൻ ഭഗവാൻ ബുദ്ധനോട് തന്റെ വസ്ത്രങ്ങൾ പഴകിയതിനാൽ തനിക്ക് പുതിയ വസ്ത്രങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.
ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:പുതിയ വസ്ത്രം കിട്ടിയൊ? നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?
ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.
*ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു? *
ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?
ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തുചെയ്തു?
ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?
ശിഷ്യൻ: അത് നിലം തുടയ്ക്കുവാൻ ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?
ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.
ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു.
കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന എല്ലാത്തിനും എന്തെങ്കിലും പ്രയോജനം ലഭിക്കും.
ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങൾ കഴിയുന്നത്ര മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവ പരമാവധി പ്രയോജനപ്പെടുത്തുക.. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.
Tags
Blogs
