അങ്ങനെ ഞാൻ പതിവുപോലെ വീട്ടിൽ നിന്നും യാത്ര പറഞ്ഞ് അച്ഛൻറെ അടുത്തെത്തി.അച്ഛൻ കാറിൻറെ key എനിക്ക് തന്നിട്ട് പറഞ്ഞു "വേഗം പോകണം പോകുന്ന പള്ളി കുറച്ചു ദൂരമുണ്ട്". അച്ഛൻ ഓടിവന്നു കാറിൽ കയറി പതിവ് പ്രാർത്ഥന തുടങ്ങി യാത്ര ആരംഭിച്ചു.എന്നാൽ അന്ന് അച്ഛൻറെ പ്രാർത്ഥന കുറെ നേരം പിടിച്ചു അതുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു."എന്തുപറ്റി പ്രാർത്ഥന കുറച്ചുനീളം കൂടുതലാണല്ലോ?"
അച്ഛൻ കാര്യം പറഞ്ഞു, ഇപ്പോൾ ഞങ്ങൾ പോകുന്ന സ്ഥലത്ത് ക്ലാസെടുക്കാൻ വിളിച്ചിരുന്നത് അച്ഛൻറെ ഫ്രണ്ട് ആയ ബിജു അച്ഛനെ ആയിരുന്നു എന്നാൽ ബിജു അച്ഛൻറെ ഇടവകയിൽ പെട്ടെന്ന് ഒരു അത്യാവശ്യം വന്ന കാരണം സാബു അച്ഛൻ ഏറ്റെടുക്കുകയായിരുന്നു.എനിക്ക് കാര്യം മനസ്സിലായി നമ്മുടെ അച്ഛൻ ക്ലാസെടുക്കാൻ കാര്യമായിട്ട് തയ്യാറെടുപ്പ് ഒന്നും ചെയ്തിട്ടില്ല അതാണ് പ്രാർത്ഥനയുടെ നീളം കൂടാനുള്ള കാരണം.
എന്തായാലും അച്ഛനെ ഒന്ന് സപ്പോർട്ട് ചെയ്യാം എന്ന് കരുതി ഞാൻ ചോദിച്ചു 'എന്താണ് വിഷയം ആർക്കാണ് ക്ലാസ്?
യുവജനങ്ങൾക്ക് വേണ്ടിയാണ് ക്ലാസ് വിഷയം പാപവും എന്ന് അച്ഛൻ പറഞ്ഞു.
അച്ഛൻ ഒരുപാട് എടുത്തിട്ടുള്ള വിഷയമാണല്ലോ പിന്നെ നമ്മുടെ യുവജനങ്ങൾ അല്ലേ ഒരു നല്ല രണ്ടുമൂന്നു കഥയും പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ.
അച്ഛനെ ആശ്വസിപ്പിക്കാൻ ഞാൻ അങ്ങനെ പലതും പറഞ്ഞു പക്ഷേ, അച്ഛൻറെ പ്രശ്നം അതൊന്നുമായിരുന്നില്ല. എല്ലാ ക്ലാസിലും ഒരു വചനം ആയിരിക്കും കേന്ദ്രബിന്ദു. അത് അച്ഛന് കിട്ടിക്കാണില്ല എന്ന് എനിക്ക് മനസ്സിലായി. അച്ഛനെ ഒരു നല്ല വചനം കിട്ടണേ എന്ന് ഞാനും ആ യാത്രയിൽ പ്രാർത്ഥിച്ചു. അപ്പോഴേക്കും ഞങ്ങൾ എത്തിച്ചേരേണ്ട സ്ഥലം എത്തി.
അച്ഛൻറെ കൂടെ പോയാൽ ഞാൻ ക്ലാസ് കേൾക്കാതെ പോരാറില്ല. ഞാൻ മുന്നിൽ തന്നെ പോയി ഇരിക്കും അതിനൊരു കാരണമുണ്ട് പലപ്പോഴും ഇത്തരം ക്ലാസുകൾക്ക് വരുമ്പോൾ ആളുകൾ ആരും മുന്നിലെ കസേരകളിൽ പൊതുവെ ഇരിക്കാറില്ല, ഞാൻ ചെല്ലുമ്പോൾ മുന്നിൽ എല്ലാം കാലി ആയിരിക്കും സംഘാടകർ എന്നെ പിടിച്ച് മുന്നിൽ തന്നെ ഇരുത്തും,കാരണം അച്ഛൻറെ കൂടെ വന്ന ആളാണല്ലോ.
അങ്ങനെ അച്ഛൻ വന്നു, പതിവുപോലെ പരിശുദ്ധാത്മാവിന്റെ പാട്ടുപാടി ബൈബിൾ എടുത്തു വിശുദ്ധ മാർക്കോസ്സിന്റെ സുവിശേഷം നാലാം അധ്യായത്തിലെ കടുകുമണിയെ ദൈവ രാജ്യത്തോട് ഉപമിക്കുന്ന ഭാഗം വായിച്ചു കണ്ണുകളടച്ചു പ്രാർത്ഥനയും ആരംഭിച്ചു. എൻറെ ചിന്തകൾ കാടുകയറി എന്തായാലും കടുകുമണി ആയിരിക്കും പ്രധാന ആശയം. ഈ ദൈവ രാജ്യത്തിൻറെ കടുകുമണി എങ്ങനെ പാപവുമായി ബന്ധിപ്പിക്കും എന്ന് ആലോചിച്ച് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ഞാൻ അച്ഛനെ വളരെ സഹതാപത്തോടെ നോക്കി, അച്ഛൻ പതിവുപോലെ കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു."പാപത്തെക്കുറിച്ച് വളരെയധികം ചെറുപ്പംമുതലേ നിങ്ങൾ കേൾക്കുന്നവർ ആണല്ലോ? പതിവായി കുമ്പസാരിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിൽ ഒരുപാട് പേര് ഉണ്ടായിരിക്കാം.എന്നാൽ ആവർത്തിച്ചു പോകുന്ന പാപത്തെക്കുറിച്ച് ആണ് ഇവിടെ നാം ചിന്തിക്കാൻ പോകുന്നത് എന്ന് പറഞ്ഞു കൊണ്ട് അച്ചൻ എന്നെ നോക്കി ഞാൻ ആകാംക്ഷയോടെ തിരിച്ചും.
"നിലത്ത് പാകുമ്പോൾ അത് ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്"(മാർക്കോസ് 4: 31).
നമ്മൾ കുമ്പസാരിക്കുമ്പോൾ ചെയ്ത പാപങ്ങളെല്ലാം വെറുത്തു ഉപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ട്. എന്നാൽ, നാം വളരെ വേഗത്തിൽ ചെയ്ത് പാപത്തിലേക്ക് തിരിച്ചു ചെന്നു വീഴുന്ന സാഹചര്യം ഉണ്ടാകുന്നു.യഥാർത്ഥത്തിൽ എന്താണ് നമുക്ക് സംഭവിക്കുന്നത് ചെറിയ കാര്യങ്ങൾ, അതും കടുകുമണിയോളം ചെറിയ കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നു. പല സാഹചര്യങ്ങളും പാപത്തിലേക്ക് നമ്മെ നയിക്കും എന്ന അവബോധം സൃഷ്ടിക്കപ്പെടുന്നില്ല.
ഉദാഹരണത്തിന് പുകവലി ആരംഭിക്കുന്നത് കൂട്ടുകാരോടൊത്ത് ഒരു രസത്തിന് ഒറ്റത്തവണ എന്നൊക്കെ പറഞ്ഞ് ആരംഭിച്ച വരാണ് എല്ലാവരും തന്നെ.മദ്യപിക്കുന്ന വരും അങ്ങനെ തന്നെ പിന്നെ അത് മാറ്റി പെരുന്നാളുകളും ക്രിസ്തുമസിനും ന്യൂയർ എല്ലാം കാരണങ്ങളാകുന്നു,പിന്നീട് എല്ലാ ദിവസവും എന്തെങ്കിലും ഒരു കാരണം ഉണ്ടാകുന്ന അവസ്ഥയിൽ പലരും എത്തിച്ചേരുന്നു.
പിന്നെ നിർത്താൻ ശ്രമിക്കുമ്പോൾ കാരണങ്ങളും സാഹചര്യങ്ങളും ഒത്തിരി ഉള്ളതിനാൽ സാധിക്കാതെ വരുന്നു.തുടക്കത്തിൽ നിങ്ങൾ നിസ്സാരമായി കരുതി തുടങ്ങിയ പല കാര്യങ്ങളും വളർന്ന് ഇപ്പോൾ വലിയ മരം ആയിരിക്കുന്നു, നിങ്ങൾക്ക് ഒറ്റയ്ക്ക് അതിനെ മുറിച്ചു മാറ്റുവാൻ സാധിക്കാൻ പറ്റാത്ത അവസ്ഥ.
അതിനിടയിൽ അച്ഛൻ ഒരു കഥ പറഞ്ഞു ഒരു ഗുരു ഒരു ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്നു പെട്ടെന്ന് വഴിയിലുള്ള മുള്ളുകൾ നിറഞ്ഞ ഒരു ചെടിയിൽ അദ്ദേഹം ചവിട്ടുകയും അദ്ദേഹത്തിൻറെ കാലുകളിൽ അത് മുറിവ് ഉണ്ടാക്കുകയും ചെയ്തു.ഗുരു വേഗം തന്നെ ആ ചെടി പറിച്ചു കളയും പിന്നെ അത് തീയിലിട്ട് കത്തിച്ചു കളയുകയും ചെയ്തു. തൊട്ടുപിന്നാലെ വന്നിരുന്ന ശിഷ്യന്മാർ ഗുരുവിനോട് എന്താണ് അങ്ങനെ ചെയ്തതിന്റെ അർത്ഥം എന്ന് ചോദിച്ചു?
എന്നെ വായിക്കുന്ന നിങ്ങളോരോരുത്തരും ഇതിന് ഉത്തരം കണ്ടെത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളെ സഹായിക്കാൻ കുറച്ച് ചോദ്യങ്ങൾ ഞാൻ താഴെ ചേർക്കുന്നുണ്ട്.
വിചിന്തനം.
1. ചെറിയ തെറ്റുകൾ അവഗണിക്കുന്ന മനോഭാവം എന്നിൽ വളർന്നിട്ടുണ്ടോ?
2.ഒരിക്കൽ ഏറ്റുപറഞ്ഞ് പാപം ആവർത്തിക്കാതിരിക്കാനുള്ള എന്ത് നടപടികളാണ് ഞാൻ ഇന്നു മുതൽ ആരംഭിക്കുന്നത്.
To read more: